|
Wednesday, 17 February 2010 16:25 |
 ജിദ്ദ:പ്രാപഞ്ചിക ഘടനയെക്കുറിച്ചും സൃഷ്ടി രഹസ്യങ്ങളെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടത്തിയ പ്രഖ്യാപനങ്ങളും സത്യനിഷേധികളോട് നടത്തിയ വെല്ലുവിളികളും ഇന്നും അനിഷേധ്യമായി നിലനില്‍ക്കുന്നത് ഖുര്‍ആനിന്‍റെ ദൈവികതയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണെന്നു പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബു മുസ്അബ് വജ്ദി അകാരി പറഞ്ഞു. ഷെയ്ഖ് അബ്ദുല്‍ അസീസ് സ്വലാഹി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ ജിദ്ദയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങില്‍ The eternal miracle എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാനെന്ന ഖുര്‍ആനിക സങ്കല്‍പം അംഗീകരിക്കുവാന്‍ ശാസ്ത്ര ലോകത്തിനു നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. ആധുനിക ശാസ്ത്ര നിഗമനങ്ങള്‍ക്കും ഗ്രന്‍ഥങ്ങള്‍ക്കും അടിക്കടി തിരുത്തുകള്‍ അനിവാര്യമാകുമ്പോഴും ഖുര്‍ആന്‍ മുന്നോട്ടു വച്ച ശാസ്ത്രീയ പ്രവചനങ്ങളെ തിരുത്തേണ്ട ആവശ്യകത നാളിതുവരെ ഉണ്ടായിട്ടില്ല. ഖുര്‍ആന്‍ പോലെ ജനങ്ങള്‍സമ്പൂര്‍ണമായി ഹൃദ്യസ്ഥമാക്കിയ മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളിലും പ്രകാശം പരത്തുന്ന വിശുദ്ധ ഗ്രന്‍ഥത്തിലേക്ക് തിരിച്ചു വരാന്‍ നാം തയ്യാറാകണമെന്നും വജ്ദി അക്കാരി അഭ്യര്‍ത്‌ഥിച്ചു.
വിശുദ്ധ ഖുര്ആനിനെ അതിന്‍റെ അവതരണ പശ്ചാത്തലവും അര്‍ത്ഥ വ്യാപ്തിയും ഉള്‍ക്കൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചിന്താ ദാരിദ്ര്യം അനുഭവപ്പെടുകയില്ലെന്നു ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ ജിദ്ദ ഡയറക്ടര്‍ അഹമ്മദ്കുട്ടി മദനി പറഞ്ഞു.വിജ്ഞാന പരീക്ഷയിലൂടെ അമുസ്ലീങ്ങളടക്കം ആയിരക്കണക്കിന് പേര്‍ ഖുര്‍ആന്‍ പഠന രംഗത്ത് സജീവമാകുന്നത് ആഹ്ലാദകരമാണെങ്കിലും ഇതിനവസരം ലഭിക്കാത്ത ലക്ഷക്കണക്കിന് പ്രവാസികള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വിജ്ഞാന പരീക്ഷയിലെ വിവിധ തലങ്ങളില്‍ വിജയം നേടിയവര്‍ക്ക് ഷെയ്ഖ് മുഹമ്മദ്‌സാലിഹ് ബാജാഫര്‍,ഷെയ്ഖ് അബ്ദുല്‍ അസീസ് സഹരാനി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.മൂസക്കോയ പുളിക്കല്‍ ആധ്യക്ഷതവഹിച്ചു. മദീന ഇസ്ലാഹി സെന്‍റെര്‍ പ്രസിഡണ്ട് അയ്യൂബ് ഖാന്‍, മക്ക ഇസ്ലാഹി സെന്‍റെര്‍ പ്രസിഡണ്ട് മുഹമ്മദാലി കാരക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ സ്വാഗതവും എം ടി മനാഫ് നന്ദിയുംപറഞ്ഞു.
|